കാനന വാസൻ
------------------------------------
ഇന്നു ശബരിമല
മണ്ഡല കാലം തുടങ്ങുന്നു. തമിൾ നാട്, കർണാടകം, ആന്ധ്ര, വടക്കേ ഇന്ത്യ ഇവിടെ നിന്നും എല്ലാം നല്ലൊരു ശതമാനം
ആൾക്കാരും ഞങ്ങളുടെ റോഡിൽ കൂടിയാണ് പോകുന്നത്. നല്ല തിരക്കാകും. അതിന്റെ കൂടെ റോഡ്
പാച്ച് പണിയും ആരംഭിച്ചു. റോഡു പല ഭാഗങ്ങിളിലും ബ്ലോക്ക് ആണ്. ഇത് കുറച്ചു നേരത്തെ
തുടങ്ങിയിരുന്നെങ്കിൽ നന്നായിരുന്നെന്നു തോന്നുന്നു.
ഞാൻ അവസാനമായി
ശബരിമലക്കു പോയത് 24 വർഷം മുൻപാണ്.
അന്നെടുത്ത കുറച്ചു ഫോട്ടൊകളാണിത്. ഒരു തുലാ മാസം ഒന്നിനാണ്. ഞാനും അമ്മയും
സഹോദരനും പിന്നെ മക്കളും ഉണ്ടായിരുന്നു. അന്ന് ഒട്ടും
തന്നെ തിരക്കില്ലായിരുന്നു. പോകുന്ന റോഡു വിജനമായിരുന്നു. ചിലയിടത്ത് മരം വീണു
കിടന്നത് ആരോ വെട്ടി മാറ്റിയിട്ടുണ്ട്.
പമ്പയിൽ നിന്നും
സന്നിധാനത്തേക്ക് പോകുന്ന വഴിയും വിജനമായിരുന്നു. ആനക്കാടാണെന്ന ഭയം
എനിക്കുണ്ടായിരുന്നെങ്കിലും കുട്ടികളെ ഭയപ്പെടുത്തണ്ട എന്ന് കരുതി പറഞ്ഞില്ല.
പോകുന്ന വഴി ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നുണ്ടായിരുന്നു. അതെല്ലാം
കണ്ടു വളരെ ആസ്വദിച്ചാണ് ഞങ്ങൾ കയറിയത്. ഞങ്ങൾ തിരിച്ചു പമ്പയിൽ വന്നു
കുളിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന്
ഭയങ്കര മഴ. ആകെ നനഞ്ഞു. ഒരു വിധത്തിൽ
ഇക്കരെയെത്തി. ആ യാത്ര എന്നും മനസ്സിൽ.
തങ്ങി നിൽക്കുന്നു. ഇപ്പോൾ എല്ലാം ഒരുപാട് മാറി കാണും. ധാരാളം ആൾക്കാർ വരുന്ന
സ്ഥലം ആയപ്പോൾ അതിനനുസരിച്ച് സൌകര്യങ്ങൾ ഉണ്ടാകണം.
ഞാൻ ആദ്യം മലക്ക്
പോകുന്നത് 1956 ൽ. എനിക്ക് പ്രായം 8 വയസ്സ്. അക്കാലത്ത് മകരം ഒന്നിന് മാത്രമേ അവിടെ പൂജയുള്ളൂ. രണ്ടു മാസത്തെ കഠിന
വൃതം എടുത്താണ് മല ചവുട്ടുന്നത്. പടുക്ക, കെട്ടുമുറുക്ക്
തുടങ്ങിയ ചടങ്ങുകൾ വേറെ. അന്ന് സംഘങ്ങളായാണ്
പോകുന്നത്. പെരിയസ്വാമി ആയിരിക്കും ലീഡർ. പെരിയസ്വാമി നിർദേശിക്കുന്നത് എല്ലാവരും
അനുസരിച്ചേ മതിയാവൂ. അനുസരണകേട് കാട്ടിയാൽ ദക്ഷിണ വയ്ക്കണം. അതാണ് ശിക്ഷ. കെട്ട്
മുറുക്കുന്നതും തലയിലേറ്റി തരുന്നതും എല്ലാം പെരിയ സ്വാമിയാണ്. മുതിന്നവർക്കും പെരിയ സ്വാമിക്കും എല്ലാം ദക്ഷിണ കൊടുത്താണ്
ഇരുമുടി ഏറ്റുന്നത്. ഇരുമുടികെട്ടു എന്നാൽ ശരിക്കും ചുമട് തന്നെയാണ്. യാത്രക്ക്
ആവശ്യമുള്ളതെല്ലാം. പായ, പാത്രങ്ങൾ, മണ്ണെണ്ണ, റാന്തൽ വിളക്ക്, പിച്ചാത്തി, കോടാലി, അരി, അച്ചാർ, ചമ്മന്തിപൊടി, പപ്പടം, ഉപ്പേരി, അവലേസു
പൊടി, തേങ്ങ, കൂടാതെ പമ്പ സദ്യക്കുള്ളതെല്ലാം
കരുതിക്കൊണ്ടാണ് പോകുന്നത്. കൊണ്ട് പോകുന്നതിൽ കുറച്ചു തിരിച്ചു കൊണ്ട് വരികയും
വേണം. വീട്ടിൽ ഇരിക്കുന്നവർക്കുള്ള
പ്രസാദം ആണത്. കന്നി
അയ്യപ്പന്മാർക്ക് ചുമടിന് അല്പം ഇളവുണ്ടാവും. അന്ന് കടകളൊന്നും ഉണ്ടായിരിന്നില്ല.
എരുമേലി വഴിയാണ്
പോകുന്നത്. എരുമേലിയിൽ പെട്ട തുള്ളി. അവിടുന്നു നടക്കും. മൂന്നു ദിവസം കൊണ്ടാണ്
പമ്പയിൽ എത്തുന്നത്. ഇടയ്ക്കു പല സ്ഥലത്തും ക്യാമ്പ് ചെയ്യും. എല്ലാ
സ്ഥലങ്ങളൊന്നും ഓർമ്മയിൽ ഇല്ല. അഴുതയിൽ മുങ്ങി കല്ലെടുക്കുന്നതും അത് കല്ലിടും
കുന്നിൽ കൊണ്ടിടുന്നതും ഓർമ്മയുണ്ട്. അഴുതയിൽ വിരി വയ്കുമ്പോൾ മുതിർന്നവർ വിറകു
വെട്ടാനും വെള്ളം കൊണ്ട് വരാനും പോയി. ഞങ്ങൾ
കുട്ടികളും കൂടെ കൂടി. അവിടെ അരുവിയുടെ തീരത്തു.
ആനപ്പിണ്ടം കിടക്കുന്നത് കണ്ടു.
ഞങ്ങൾ മാറി നിന്ന് വെള്ളത്തിൽ കല്ലെടുത് എറിഞ്ഞു കളിച്ചുകൊണ്ടിരുന്നു.
മുതിര്ന്നവരെല്ലാം പോയതും അവർ ഞങ്ങളെ അന്വേഷിച്ചു നടന്നതും ഞങ്ങൾ അറിഞ്ഞില്ല.
ഇരുട്ടിക്കഴിഞ്ഞപ്പോഴാണ് അവർ ഞങ്ങളെ കണ്ടെത്തിയത്. അതിന്റെ ടെൻഷൻ കാരണം ഞങ്ങൾക്കെല്ലാം
ചെറിയ ശിക്ഷകൾ കിട്ടി.
പമ്പയിൽ ക്യാമ്പ്
ചെയ്യുന്ന ദിവസം ഈറയും ഇലകളും മറ്റും
കൊണ്ട് പർണശാല കെട്ടി. ഉച്ചക്ക് പമ്പസദ്യയും രാത്രി പമ്പവിളക്കും നടത്തി. പമ്പയിൽ
നിന്നും സന്നിധാനം വരെ കാട്ടുവഴി പോലെയായിരുന്നു. (ഇപ്പോൾ പടികളും കോണ്ക്രീറ്റ് വഴികളും
ഒക്കെയായി). സന്നിധാനത്തിൽ ചെന്നാൽ
പർണശാല കെട്ടി വിരി വയ്ക്കും. അന്ന്
സന്നിധാനത്തിൽ ചുറ്റുമായ് കിടങ്ങുണ്ടായിരുന്നു. ആന കേറാതിരിക്കാൻ.
അതിനുള്ളിലായിരുന്നു എല്ലാവരും വിരി വച്ചിരുന്നത്. അത്രമാത്രം ആൾക്കാരെ ഉണ്ടാകൂ. അന്ന് ദൂരെ
ദേശങ്ങളിൽ നിന്നൊന്നും ആളുകള് വന്നിരുന്നില്ല.
ആദ്യം
പോയപ്പോഴുണ്ടായ അനുഭവങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല പിന്നീട് പല പ്രാവശ്യം
പോയിട്ടുണ്ട്. പമ്പ വരെ ബസ്സിൽ പോയി മല
കയറിയിട്ടുണ്ട്. വണ്ടിപെരിയാർ പുല്ലുമേടു വഴി പോയിട്ടുണ്ട്. പുല്ലുമേട്ടിൽ
നിന്നുള്ള കാഴ്ച മനോഹരം. പുല്ലുമെട്ടിൽ നിന്നാൽ ശബരിമല ക്ഷേത്രത്തിന്റെ ഭാഗങ്ങൾ
കാണാം..
ഒരിക്കൽ
പൊന്നമ്പലമേട്ടിൽ പോകാനുള്ള ഭാഗ്യവും എനിക്കുണ്ടായി. 32 വര്ഷം മുൻപ്. ഇപ്പോൾ അവിടെ ആരെയും കടത്തിവിടുന്നില്ല എന്ന് തോന്നുന്നു. പൊന്നമ്പലമേട്ടിൽ
നിന്നും നോക്കിയാൽ ശബരിമല അമ്പലവും പരിസരവും ചെറിയ മോഡൽ വച്ച പോലെ മനോഹരമായ്
കാണാം. പമ്പയിലെ ടോപ് സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതും.
സന്ധ്യക്ക് ലൈറ്റ് തെളിയുമ്പോൾ വളരെ മനോഹരമാണ്. അമ്പലമാകെ പ്രകാശിക്കുന്നത് പോലെ.
പമ്പയിൽ നിന്നും സന്നിധാനം വരെയുള്ള വഴിയിലെ ലൈറ്റും ഇടക്കിടെയായി കാണാം.
നമ്മുടെ നാടിന്റെ
അഭിമാനമാണ് ശബരിമല. കേരളത്തിലെ ജനസന്ഖ്യയെക്കാൾ
കൂടുതൽ ആളുകൾ രണ്ട് മാസത്തിനുള്ളിൽ ശബരിമലയിൽ വരുന്നുണ്ടെന്നു പേപ്പറിൽ
വായിച്ചു. ക്ഷേത്രത്തിലെ വരുമാനം കൂടാതെ വളരെ ആള്ക്കാരും സ്ഥാപങ്ങളും ശബരിമല
തീർത്ഥാടനത്തെ ആശ്രയിക്കുന്നു. പക്ഷെ ഈ തീർത്ഥാടകർക്ക് വേണ്ട സൌകര്യങ്ങൾ ചെയ്തു
കൊടുക്കുന്നതിലും മറ്റും നാം അങ്ങേ അറ്റം അനാസ്ഥ കാണിക്കുന്നു. നമ്മുടെ നാടിനു ഇത്
അപമാനകരം തന്നെ. അപകടവും കഷ്ടതകളും ഇല്ലാതെ തീർത്ഥാടനം നടത്തി തിരിച്ചു പോകാനുള്ള
സൗകര്യങ്ങൾ ചെയ്യണം.. എത്രയോ ദൂരെ നിന്നും കഷ്ടപ്പെട്ട് യാത്ര ചെയ്തു വരുന്ന
തീർത്ഥാടകർക്കു നാം മെച്ചപ്പെട്ട സൌകര്യങ്ങൾ ഉണ്ടാക്കി കൊടുക്കണ്ടതല്ലേ? --- ശരണമയ്യപ്പ.
തത്വമസി (എത്ര മഹത്തായ
ചിന്ത)






